ജീവിതം പ്രത്യാശയിലേക്കുള്ള യാത്രയാണ്: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ

കോട്ടപ്പുറം: വിശുദ്ധിയിൽ നിറഞ്ഞ ജീവിതം പ്രത്യാശയിലേക്കുള്ള യാത്രയാണെന്ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു. എമ്മാസിലേക്ക് യാത്ര ചെയ്ത് ശിഷ്യന്മാരുടെ പാവം നിരാശയുടെയും മ്ലാനതയുടെയും ആയിരുന്നുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിരാശയിൽ കഴിയുന്നവരുടെ അടുത്തേക്ക് ഈശോ കടന്നു വരുമ്പോൾ ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും അവർക്ക് തിരികെ ലഭിക്കുന്നു. ജീവിതത്തിന്റെ ഏതു മേഖലയിലും യേശുവിന്റെ ഒപ്പമായിരിക്കുക എന്നതാണ് വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനം എന്നും ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ അഭിപ്രായപ്പെട്ടു.

കോട്ടപ്പുറം രൂപതയുടെ 10-ാമത് ബൈബിൾ കൺവെൻഷൻ 'കൃപാഗ്നി 2024' കോട്ടപ്പുറം കത്തീഡ്രൽ മൈതാനിയിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രദർ സാബു ആറു തൊട്ടിയിലാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈബിൾ പ്രതിഷ്ഠ നടത്തുകയും തുടർന്ന് ബിഷപ്പ് അംബ്രോസിന്റെ മുഖ്യകാർമികതത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. തുടർന്ന് ബ്രദർ സാബു ആറുതൊട്ടിയിൽ എഴുതിയ ബന്ധിതർക്ക് മോചനം പുസ്തകം ബിഷപ്പ് പ്രകാശനം ചെയ്തു.

രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കരിസ്മാറ്റിക്ക് ഡയറക്ടർ ഫ്രാൻസൻ കുരിശിങ്കൽ, കത്തീഡ്രൽ വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ, ഫാ. അനീഷ് പുത്തൻപറമ്പിൽ, ഫാ. ക്രിസ്റ്റി മരത്തോന്ത്ര    രൂപത പിആർഒ ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ഏപ്രിൽ 21ന് കൺവെൻഷൻ സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 9.30 വരെ ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ഏപ്രിൽ 19ന് രാവിലെ  10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 5 വരെ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. എല്ലാ ദിവസവും കൗൺസിലിങ്ങിനുള്ള സൗകര്യവും ഉണ്ടായിരിക്കും.